നാണംകുണുങ്ങിയായ ഷൂഷക്കുഞ്ഞ്

ആലീസിന് ഒട്ടേറെ കൂട്ടുകാരുണ്ട്. രണ്ട് പൂച്ചക്കുട്ടികൾ; ചൊവ്വയിൽനിന്ന് കൊണ്ടുവന്ന ഒരു പച്ചത്തുള്ളൻ – അതിന്റെ താമസം അവളുടെ കിടക്കയുടെ അടിയിലാണ്; പിന്നൊരു മുള്ളൻപന്നിയും – കുറച്ചുകാലം ഞങ്ങളുടെകൂടെ കഴിഞ്ഞതിനുശേഷം അത് കാട്ടിലേക്ക് തിരിച്ചുപോയി – ബ്രോണ്ടോസാറസ് – ബ്രോണ്ടി, അവൻ വീട്ടിലല്ല മൃഗശാലയിലാണ്, ആലീസ് ഇടക്കൊക്കെ അവനെ കാണാൻ പോകാറുണ്ട്; പിന്നെ അടുത്ത വീട്ടിലെ നായ – റെക്സ്. അതൊരു കളിപ്പാട്ടമാണ് – ദാഷ്ഷുണ്ട് ജനുസ്സിൽ പെട്ടതാണെന്നു പറയുന്നു, എന്തോ.

അവൾക്ക് ഒരു കൂട്ടുകാരനെകൂടി കിട്ടി. സിരിയസിൽനിന്നുള്ള പര്യവേക്ഷകസംഘം മടങ്ങി വന്നപ്പോഴായിരുന്നു അത്.

ആലീസും പറഷ്കോവും

മേയ് 1-ന്റെ ആഘോഷത്തിനിടയിൽ അവൾ പറഷ്കോവിനെ കണ്ടു. എങ്ങനെയാണവൾ വഹിച്ചെടുത്തത് എന്നറിയില്ല. അവൾക്ക് എന്നെക്കാൾ കൂടുതൽ ആളുകളെ അറിയാം. എങ്ങനെയായാലും വേണ്ടില്ല, അസ്ത്രോനാട്ടുകൾക്ക് ബൊക്കെകൊടുക്കുന്ന കുട്ടികളുടെ കൂട്ടത്തിൽ അവളും ചേർന്നു. ടെലിവിഷനിൽ ആലീസിനെ കണ്ടപ്പോൾ എനിക്കുണ്ടായ അദ്ഭുതം പറയാവതല്ല. തന്നെക്കാൾ വലിയ ഒരു നീല റോസ് ബൊക്കെയും കൊണ്ട് അവൾ അങ്കണത്തിനു കുറുകെ ഓടുകയാണ്. അവളത് പറഷ്കോവിനു കൊടുക്കുന്നു. പറഷ്കോവ് അവളെ വാരിയെടുക്കുന്നു. രണ്ടുപേരും ഒരുമിച്ചിരുന്നാണ് പരേഡ് കണ്ടത്. രണ്ടുപേരും ഒരുമിച്ചാണ് റെഡ് സ്ക്വയറിൽ നിന്ന് പോയത്. വൈകുന്നേരത്തോടുകൂടി മാത്രമെ ആലീസ് വീട്ടില് തിരിച്ചുവന്നുള്ളൂ. അവളുടെ കയ്യിൽ വലിയ ഒരു ചെമപ്പുപെട്ടിയുമുണ്ടായിരുന്നു.

“നീ ഇതേവരെ എവിടെയായിരുന്നു?”

“മിക്കസമയവും കിന്റർ ഗാർട്ടനിൽ” അവൾ മറുപടി പറഞ്ഞു.

“ബാക്കിസമയം?”

“അവിടന്ന് ഞങ്ങൾ റെഡ്സ്ക്വയറിൽ പോയി.”

“എന്നിട്ട്?”

അപ്പോഴാണ്‌ ടെലിവിഷനിൽ ഞാനവളെ കണ്ടിരിക്കും എന്ന് അവൾക്ക് ഓർമ വന്നത്.

“പിന്നെ, ആസ്ത്രോനാട്ടുകൾക്ക് സ്വാഗതം പറയാൻ പറഞ്ഞു എന്നോട്.”

“ആരെ നിന്നോട് പറഞ്ഞത്?”

“എന്റെ ഒരു സ്നേഹിതൻ – അച്ഛനയാളെ അറിയില്ല.”

“ആലീസ്! ‘ദണ്ഡശിക്ഷ’ എന്നൊരു വാക്ക് നിയ്യെവിടെയെങ്കിലും കേട്ടിട്ടുണ്ടോ?”

“ഉവ്വ്. എന്തെങ്ങിലും തെറ്റുചെയ്‌താൽ ചന്തീമ്മൽ അടിക്കണേനല്ലെ അത് പറയുക? ഞാൻ വിചാരിച്ചത് അത് യക്ഷിക്കഥകളിൽ മാത്രമേ ഉള്ളു എന്നാണ്.”

“യക്ഷിക്കഥ യഥാർഥമാക്കേണ്ടിവരും എന്നാണ് തോന്നണത്. എന്തിനാ നിയ്യ് എപ്പോഴും പോകാൻ പാടില്ലാത്ത സ്ഥലങ്ങളിൽ തന്നെ ചെന്നുപറ്റണത്?”

ആലീസ് തന്റെ പ്രതിഷേധം രേഖപ്പെടുത്താൻ തുടങ്ങുകയായിരുന്നു. പെട്ടെന്ന് അവളുടെ കയ്യിലുണ്ടായിരുന്ന ചെമപ്പുപെട്ടിയിൽ നിന്ന് എന്തോ ശബ്ദം പുറത്തുവന്നു.

“അതെന്താ? എന്താ അതില്?”

“പറഷ്കോവ് തന്ന സമ്മാനമാ.”

“എന്ത്? നീ അദ്ദേഹത്തോട് സമ്മാനവും ചോദിച്ചോ? ഇത് കുറെ കടന്നുപോയിരിക്കുന്നു.”

“ഞാനൊന്നും ചോദിച്ചില്ല. അദ്ദേഹം തന്നതാണ്. അതൊരു ഷൂഷയാണ്. പറഷ്കോവ് സിറിയസിൽനിന്ന് കൊണ്ടുവന്നതാണതിനെ. ഒരു ചെറിയ ഷൂഷ, ഒരു ഷൂഷക്കുഞ്ഞ്.”

ആലീസ് ശ്രദ്ധയോടെ പെട്ടിയിൽനിന്നും അതിനെ പുറത്തെടുത്തു. ആറുകാലുള്ള ഒരു ജീവി. ഒറ്റനോട്ടത്തിൽ കംഗാരുവിനെപ്പോലുണ്ട്. അതിന്റെ കണ്ണുകൾ വലുതായിരുന്നു. അത് പുറത്തേക്ക് ഉന്തി നിന്നു. ആലീസിന്റെ ഉടുപ്പിൻമേൽ ഒട്ടിപ്പിടിച്ചുകൊണ്ട് അത് പരിഭ്രമിച്ച് നാലുപുറവും നോക്കാൻ തുടങ്ങി.

“നോക്കൂ! അതിന് ഇപ്പോത്തന്നെ എന്നെ ഇഷ്ടമായിരിക്കുന്നു.” ആലീസ് പറഞ്ഞു. “ഞാനതിന് ഒരു കിടക്ക തയ്യാറാക്കട്ടെ.”

ഷൂഷകളുടെ കഥ എനിക്കറിയാം. ഞങ്ങൾ, ജീവശാസ്ത്രജ്ഞൻമാർക്കൊക്കെ അറിയാം. എന്റെ മൃഗശാലയിൽതന്നെ മൂന്നെണ്ണമുണ്ട്. അവയുടെ എണ്ണം താമസിയാതെ കൂടുന്നതും പ്രതീക്ഷിച്ചിരിക്കയാണ് ഞങ്ങൾ.

സിറിയസിന്റെ ഗ്രഹങ്ങളിൽ ഒന്നിലാണ് പറഷ്കോവും ബാവറും ഷൂഷകളെ കണ്ടത്. അവ സൗമ്യമായ ജന്തുക്കളായിരുന്നു. ഒരു ഉപദ്രവവും ചെയ്യില്ല. ആസ്ത്രനാട്ടുകളുമായി അവ അതിവേഗം ഇണങ്ങി. അവ സസ്തനികളാണ്. പക്ഷെ, അവയുടെ പെരുമാറ്റരീതികൾക്ക് പെൻഗ്വിനുകളോടാണ് കൂടുത്തൽ സാമ്യം. അതേ ജിജ്ഞാസാസ്വഭാവം. എല്ലാറ്റിന്റെ ഇടയിലും ചെന്നുചാടുന്ന അതേ പ്രകൃതം. ഒരിക്കൽ ഒരു ഷൂഷക്കുഞ്ഞ് മുങ്ങിച്ചാകേണ്ടതായിരുന്നു. കണ്ടൻസ്ഡ് മില്ക്കിന്റെ ഒരു വലിയ ടിൻ ഉണ്ടായിരുന്നു. അതിൽ ചെന്നുചാടി. പര്യവേക്ഷക സംഘം ഷൂഷകളെപ്പറ്റി നല്ലൊരു ഡോക്കുമെന്ററി ഉണ്ടാക്കിക്കൊണ്ടുവന്നു. സിനിമാശാലകളിലും ടിവിയിലും ഉഗ്രൻ ഹിറ്റായിരുന്നു അത്.

നിർഭാഗ്യമെന്നു പറയട്ടെ, ഷൂഷകളുടെ ജീവിതത്തെപ്പറ്റി പഠിക്കാൻ അവർക്ക് ഏറെ സമയമുണ്ടായിരുന്നില്ല. അവ കാലത്ത് ക്യാമ്പുകളിൽ പ്രത്യക്ഷപ്പെടും. രാത്രിയായാൽ എല്ലാം അപ്രത്യക്ഷമാകും. കുന്നുകളിൽ എവിടെയോ ഒളിച്ചിരിക്കുകയാണെന്നു തോന്നുന്നു.

പര്യവേഷണസംഘം മടക്കയാത്ര തിരിച്ചു. കുറച്ചുദിവസം കഴിഞ്ഞപ്പോഴാണ് പറഷ്കോവ് കണ്ടത്, സ്പേസ് ഷിപ്പിലെ ഒരു മുറിയിൽ മൂന്നു ഷൂഷകൾ. അബദ്ധത്തിൽ വന്നുപെട്ടതായിരിക്കണം. ഷിപ്പിലെ ജോലിക്കാരിൽ ഒരാൾ സൂത്രത്തിൽ കൊണ്ടുവന്നതായിരിക്കുമെന്നാണ് പറഷ്കോവ് ആദ്യം കരുതിയത്. പക്ഷെ, അത് പറഞ്ഞപ്പോൾ അയാൾ പൊട്ടിത്തെറിച്ചു. താനങ്ങനത്തെ ആളല്ല. അയാളുടെ ദേഷ്യത്തിന്റെ ആത്മാർഥത കണ്ടപ്പോൾ പറഷ്കോവിന് തന്റെ സംശയം ഉപേക്ഷിക്കേണ്ടിവന്നു.

ഷൂഷകളുടെ സാന്നിധ്യം ഒട്ടേറെ പുതിയ പ്രശ്നങ്ങൾ സൃഷ്ടിച്ചു. ഏറ്റവും പ്രധാനമായത് ഇതേവരെ അറിയപ്പെടാത്ത എന്തെങ്കിലും രോഗങ്ങൾ അവയിലൂടെ പരക്കുമോ എന്നായിരുന്നു. യാത്രക്കിടയിൽ, പുതിയ ചുറ്റുപാടുമായി ഇണങ്ങാതെ അവ ചത്താലോ എന്നതായിരുന്നു രണ്ടാമത്തെ പേടി. പിന്നെ… അവക്കെന്താ തിന്നാൻ കൊടുക്കേണ്ടത് എന്ന് ആർക്കും അറിയാമായിരുന്നില്ലതാനും. പക്ഷെ, ഈ ആശങ്കകളൊക്കെ അടിസ്ഥാനരഹിതങ്ങളായി. അവയെ രോഗാണുനശീകരണവിധികൾക്ക് വിധേയരാക്കി. ഒന്നും സംഭവിച്ചില്ല. മാറിയ അന്തരീക്ഷവും അവക്ക് ഒരു പ്രയാസവും സൃഷ്ടിച്ചില്ല. സൂപ്പും ഉണങ്ങിയ പഴങ്ങളും സുഖമായി കഴിച്ചു. ഈ അവസാനം പറഞ്ഞത്, ഉണങ്ങിയ പഴങ്ങൾ അവക്ക് വലിയ ഇഷ്ടമായിരുന്നു. ബാവർക്കും അവ ഇഷ്ടമാണ്. ഇത് ഇവയോട് ബാവർക്ക് തീരാപ്പകയുണ്ടാക്കുന്നതിലേക്ക് നയിച്ചു. കാരണം, സ്പേസ് ഷിപ്പിൽ ബാക്കിയുണ്ടായിരുന്ന ഉണക്കിയ പഴമെല്ലാം ഷൂഷകളുടെ ആഹാരത്തിനായി മാറ്റി വെക്കപ്പെട്ടു.

നീണ്ട ഒരു യാത്രയായിരുന്നു അത്. അതിനിടയിൽ ഒരു ദിവസം ഒരു ഷൂഷ ആറ് കുട്ടികളെ പ്രസവിച്ചു. അങ്ങനെ ഷൂഷകളെയും ഷൂഷക്കുഞ്ഞുങ്ങളെയും നിറഞ്ഞുകൊണ്ടാണ് കപ്പൽ ഭൂമിയിലിറങ്ങിയത്. കപ്പലിലെ ചിട്ടകൾ ഷൂഷകൾ എളുപ്പത്തിൽ പഠിച്ചു. അവയെക്കൊണ്ട് ആർക്കും ഒരു അലോസരവും ഉണ്ടായില്ല – ബാവർക്കൊഴികെ.

ആ നിമിഷം ഞാനൊരിക്കലും മറക്കില്ല. ചരിത്രത്തിന്റെ താളുകളിൽ തങ്കലിപികളിലെഴുതപ്പെട്ട ഒരു ദിവസമാണത്. സിറിയസിൽ നിന്നുള്ള പര്യവേക്ഷണ സംഘം ഭൂമിയിൽ എത്തിയ ദിവസം. സ്പേസ്ഷിപ്പിന്റെ കവാടം തുറന്നു. എല്ലാ ടി വി ക്യാമറകളും അങ്ങോട്ടു തിരിഞ്ഞു. പക്ഷെ, പുറത്തുവന്നത് ബഹിരാകാശ യാത്രികരല്ല, ആറു കാലുള്ള ഒരുതരം ജന്തുക്കൾ. പിന്നിൽ അവയുടെ കുഞ്ഞുങ്ങൾ! ഭൂമിയിലെ മനുഷ്യർ ആ അദ്ഭുതം കണ്ട് മിഴിച്ചുനിന്നു. അതാ പിന്നിൽ പറഷ്കോവ് പുഞ്ചിരിച്ചുകൊണ്ട്. കയ്യിൽ ഒരു ഷൂഷക്കുഞ്ഞ്. അതിന്റെ മേലാകെ പാൽക്കട്ടിയാണ്.

ഏതാനും ഷൂഷകളെ ഞങ്ങളുടെ മൃഗശാലയിൽ കൊണ്ടുവന്നു. മറ്റുള്ളവ അസ്ത്രനാട്ടുകളുടെ വീട്ടുമൃഗങ്ങളായി മാറി. പറഷ്കോവിന്റെ ഷൂഷ, അങ്ങനെ അവസാനം ആലീസിന്റെ കയ്യിലെത്തി. എന്ത് സൂത്രം പറഞ്ഞാണാവോ അവൾ പറഷ്കോവിന്റെ കയ്യിൽനിന്ന് അതിനെ കൈക്കലാക്കിയത്. അത്ര എളുപ്പത്തിലൊന്നും വലയുന്ന കൂട്ടത്തിലല്ല പറഷ്കോവ്.

ആലീസിന്റെ കിടക്കക്ക് സമീപമുള്ള ഒരു വലിയ കുട്ടയാണ് ഷൂഷയുടെ വീട്. അത് തനി സസ്യഭുക്കാണ്. ഇറച്ചി തൊടില്ല. രാത്രി നന്നായി ഉറങ്ങും. പൂച്ചക്കുട്ടികളുമായി കളിക്കും. പച്ചത്തുള്ളനെ അതിന് പേടിയാണ്, ആലീസ് അവനെ തലോടുകയോ അതിനോട് ഓരോന്ന് പറയുകയോ ചെയ്യുമ്പോൾ പതുക്കെ മുരളും.

അവനെ ഞങ്ങൾ ഷൂഷ എന്നുതന്നെയാണ് വിളിക്കുന്നത്. അവൻ അതിവേഗം വളർന്നു. രണ്ടുമാസത്തിനുള്ളിൽ അവന്റെ ഉയരം ആലീസിനൊപ്പമായി. രണ്ടു പേരുംകൂടി ഞങ്ങളുടെ വീടിനെതിരെയുള്ള പാർക്കിൽ നടക്കാൻ പോകും. ആലീസ് ഒരിക്കലും അതിനെ ചങ്ങലക്കിട്ടിരുന്നില്ല.

“അവൻ ആളുകളെ പേടിപ്പെടുത്തില്ലേ?” ഞാൻ ചോദിച്ചു.

“ഏയ്‌ ഇല്ല, ഒരിക്കലുമില്ല. മാത്രമല്ല, ചങ്ങലക്കിടുകയാണെങ്കിൽ അതിന് സങ്കടമാവേം ചെയ്യും. എളുപ്പത്തിൽ മനസ് നോവുന്ന പ്രകൃതമാണതിന്റെ.”

ആലീസും ഷൂഷയും

ഒരുദിവസം ആലീസിന് തീരെ ഉറക്കം വന്നില്ല. ഉറക്കം വരാഞ്ഞാൽ അവൾക്ക് വല്ലാത്ത വാശിയാണ്. ഞാൻ കഥ വായിച്ചു കൊടുക്കണം. പ്രൊഫസർ അനങ്ങാംപാറയുടെ കഥ.

“എനിക്കിപ്പൊ സമയമില്ല, കുഞ്ഞേ. കുറെ പണി ചെയ്തുതീർക്കാനുണ്ട്. പോരാത്തതിന്, ഇതിപ്പൊ നിയ്യ് തന്നത്താൻ വായിക്കണ്ട സമയമൊക്കെ ആയിരിക്കുന്നു.”

“അതിന് അത് പുസ്തകമല്ല, മൈക്രോഫിലിമാണ്‌. എനിക്ക് വായിക്കാൻ പറ്റില്ല. അത്ര ചെറിയ അക്ഷരമാണ്.”

“എങ്കിൽ അതിന്റെ ടേപ്പ് ഉണ്ടല്ലോ അത് ഓണാക്കിക്കോ.”

“അതിന്, ഞാനിവിടെ കിടക്കയിൽ കിടക്കാണ്. കരിമ്പടം മാറ്റി എഴുന്നേറ്റാൽ വല്ലാണ്ടെ തണുക്കും.”

“എങ്കിൽ കുറച്ചുനേരം ക്ഷമിക്ക്. ഞാൻ എഴുതിക്കൊണ്ടിരിക്കുന്നതൊന്ന് തീർക്കട്ടെ. എന്നിട്ട് വന്ന് ഓണാക്കിത്തരാം.”

“ഓ, അച്ഛനെന്നെ ഇഷ്ടല്ല! ഞാൻ ഷൂഷയോട് പറയും അതോണാക്കാൻ. അവനെന്നെ ഇഷ്ടാണ്.”

“ശരി, ന്നാൽ അവനോടന്നെ പറ.” ഞാൻ മനസാ ചിരിച്ചു.

ഒരു മിനിറ്റു കഴിഞ്ഞപ്പോൾ അടുത്ത മുറിയിൽനിന്ന് മൈക്രോഫിലിം ടേപ്പിന്റെ മൃദുവായ ശബ്ദം കേൾക്കായി… പ്രൊഫസർ അനങ്ങാംപാറക്ക് ഒരു നായക്കുട്ടീം ഉണ്ടായിരുന്നു. അമ്മു എന്നാണതിന്റെ പേര്.

അപ്പോൾ ആലീസ് കിടക്കേന്ന് എണീറ്റ് അത് ഓണാക്കിയോ? “പോയി കിടക്ക്.” ഞാൻ വിളിച്ചു പറഞ്ഞു. “ഇല്ലെങ്ങിൽ നീരിളക്കം പിടിക്കും.”

“അതിന്, ഞാൻ കിടക്കാണല്ലോ അച്ഛാ.”

“നീ കളവു പറയരുത്. അത് ചീത്തയാണ്‌. ആരാ മൈക്രോഫിലിം റെക്കോർഡർ ഓണാക്കിയത്?”

“ഷൂഷ.”

അത് പറ്റില്ല. എന്റെ മോള് കളവു പറഞ്ഞ് ശീലിച്ചു വളർന്നാൽ പറ്റില്ല. കുറച്ച് ഗൗരവമായിത്തന്നെ അവളോട് സംസാരിക്കണം. ഞാൻ എഴുത്ത് നിർത്തി അപ്പുറത്തെ മുറിയിലേക്ക് പോയി.

സ്ക്രീൻ ചുമരിൽ തൂക്കിയിട്ടിട്ടുണ്ട്. ഷൂഷയാണ് മൈക്രോഫിലിം പ്രോജക്ടർ ഓടിക്കുന്നത്. പ്രൊ: അനങ്ങാമ്പാറയുടെ വീട്ടുവാതിൽ സ്ക്രീനിൽ കാണുന്നു. അവിടെ അതാ, ഒട്ടേറെ നിർഭാഗ്യവാന്മാരായ ജന്തുക്കൾ…

എനിക്ക് യഥാർത്ഥത്തിൽ എന്താ പറയേണ്ടതെന്ന് നിശ്ചയമില്ലാതായി. ഞാൻ ആലീസിനോട്‌ ചോദിച്ചു: “നീ എങ്ങനെയാ അവനെ ഇതൊക്കെ പരിശീലിപ്പിച്ചത്?”

“അവനെ പരിശീലിപ്പിക്കേണ്ട ആവശ്യമൊന്നുമില്ലല്ലോ. അവന് തന്നത്താൻ എല്ലാം ചെയ്യാൻ പറ്റുമല്ലോ.” അവൾ മറുപടി പറഞ്ഞു. ഷൂഷ നാണത്തോടെ മുൻകാലുകൾ രണ്ടും മാറത്തടുക്കിപ്പിടിച്ചു. കുറച്ചു നേരം അസുഖകരമായ നിശബ്ദത.

“എന്നാലും…” ഞാൻ വീണ്ടും തുടങ്ങി.

“ക്ഷമിക്കണം സാർ” നേരത്തു ചിലമ്പിച്ച സ്ത്രൈണമായ ഒരു ശബ്ദം കേൾക്കായി. ഷൂഷയുടെ ശബ്ദമായിരുന്നു അത്. “അതേന്ന്. ഞാൻ തന്നത്താൻ പഠിച്ചതാണത്. ഇതത്ര വിഷമമുള്ളതൊന്ന്വല്ലല്ലൊ.”

കുറച്ചു നേരത്തേക്ക് എന്റെ നാവിറങ്ങിപ്പോയി. കുറച്ചുകഴിഞ്ഞ് ഞാൻ വീണ്ടും ചോദിച്ചു: “ഒരു കാര്യം പറയാമോ. എങ്ങനെയാണ്…”

“ഓ, അതത്ര വിഷമമുള്ളതല്ല.” ഷൂഷ ഇടക്ക് കയറിപ്പറഞ്ഞു. “മിനിയാന്ന് നിങ്ങൾ പച്ചത്തുള്ളൻ രാജാവിന്റെ കഥ ആലീസിന് കാണിച്ചു കൊടുത്തില്ലേ. അത് ഞാൻ നോക്കി പഠിച്ചതാണ്.”

“ഞാനതല്ല ചോദിച്ചത്. നീ സംസാരിക്കാൻ പഠിച്ചത് എങ്ങനെയാണ് എന്നാ ചോദിച്ചത്.”

“ഞങ്ങൾ ഒരുമിച്ച് പ്രാക്ടിസ് ചെയ്തു.” ആലീസ് പറഞ്ഞു.

“ഇല്ല. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ഡസൻകണക്കിൽ ജീവശാസ്ത്രജ്ഞൻമാർ ഷൂഷകളുടെ ജീവിതരീതികളെപ്പറ്റി പഠിച്ചുകൊണ്ടിരിക്കയാണ്. ഇതേവരെ ഒരു ഷൂഷയും ഒരൊറ്റവാക്കും ഉച്ചരിച്ചിട്ടില്ല!”

“പക്ഷെ, നമ്മുടെ ഷൂഷക്ക് സംസാരിക്കാൻ മാത്രമല്ല, വായിക്കാനും പറ്റും, ഇല്ലേ?”

“കുറച്ചൊക്കെ.”

“ഇവൻ എന്നോട് എന്തെല്ലാം തമാശകളാണ് പറയുന്നതെന്നോ.”

“പ്രൊഫസർ, നിങ്ങളുടെ മകളും ഞാനും നല്ല ചങ്ങാതിമാരാണ്.”

“പക്ഷെ, ഇത്രയും കാലം നീ എന്തേ ഒന്നും മിണ്ടാതിരുന്നേ?”

“ഓ, അവന് വലിയ നാണമാ.” ഷൂഷക്കുവേണ്ടി മറുപടി പറഞ്ഞത് ആലീസായിരുന്നു. ഷൂഷ അവന്റെ കണ്ണുകൾ താഴ്ത്തി.