തുത്യേക്സി
ഞാൻ ആലീസിന് ഉറപ്പു കൊടുത്തിരുന്നല്ലോ, ചൊവ്വയിലേക്ക് കൊണ്ടുപോകാമെന്ന്. അവിടെ ഒരു കോണ്‍ഫറൻസിൽ പങ്കെടുക്കാൻ പോയപ്പോൾ അവളെയും കൊണ്ടുപോയി.
ഒരു കുഴപ്പവും കൂടാതെ ഞങ്ങൾ ചൊവ്വയിലിറങ്ങി. ഭാരമില്ലാത്ത അവസ്ഥ അത്ര സുഖമുള്ളതൊന്നുമല്ല. എനിക്കത് ഇഷ്ടവുമല്ല. അതുകൊണ്ട് ഞാൻ ബെൽറ്റഴിക്കാതെ സീറ്റിലിരുന്നേയുള്ളു. പക്ഷേ, ആലീസിന് രസായി. അവൾ കപ്പലിലാകെ പാറി. ഒരിക്കലവളെ കണ്‍ട്രോൾ ഡക്കിന്റെ തട്ടിൽ നിന്ന് പിടിച്ചുവലിക്കേണ്ടി വന്നു. അവൾ ചുവന്ന ബട്ടണ്‍ അമർത്താൻ പോയി. അടിയന്തരാവശ്യത്തിന് ബ്രേക്കിടാനുള്ളതാണത്. പക്ഷെ, പൈലറ്റുമാർ അവളോട് ദേഷ്യപ്പെട്ടില്ല.
ചൊവ്വയിലെത്തിയശേഷം ആദ്യം പട്ടണം ചുറ്റിക്കണ്ടു. പിന്നീട് ടൂറിസ്റ്റുകളുടെ കൂടെ മരുപ്രദേശത്ത് പോയി. വൻ ഗുഹകൾ കണ്ടു. എല്ലായ്പ്പോഴും ആലീസിന്റെ കൂടെ നില്ക്കാൻ എനിക്ക് പറ്റുമായിരുന്നില്ല. ഒരുപാട് പണിയുണ്ട്. ഞങ്ങളുടെ ഒട്ടേറെ സ്പെഷ്യലിസ്റ്റുകൾ ചൊവ്വയിൽ പണിയെടുക്കുന്നുണ്ട്. ചൊവ്വക്കാരുടെ സഹായത്തോടെ അവിടെ ഭൂമിയിലേതിന് സദൃശ്യമായ ഒരു പട്ടണം ഉണ്ടാക്കിയിട്ടുണ്ട്. ഒരു ഡോമിനകത്താണത്. അവിടെ ഭൂമിയിലെ അന്തരീക്ഷമാണ്. ഭൂമിയിലെ മരങ്ങളും ചെടികളും വളരുന്നു. ഭൂമിയിൽനിന്ന് കുട്ടികളെ വിനോദയാത്രക്കായി അങ്ങോട്ട് കൊണ്ടുപോകാറുണ്ട്. പുറത്തുള്ള പ്രധാന നഗരത്തിലേക്ക് പോകുമ്പോൾ സ്പേസ് സൂട്ട് ധരിക്കണം. പുറത്തുള്ള ഓക്സിജൻ നമുക്ക് മതിയാവില്ല. സ്പേസ് സൂട്ടിൽ ഓക്സിജനുണ്ട്.
’ഭൂനഗര’ത്തിലാണ് സ്കൂൾ. താത്യാന പെത്രോവ്ന – അതാണ് ടീച്ചറുടെ പേര് – പറഞ്ഞു: “ഒട്ടും പരിഭ്രമം വേണ്ട.” ആലീസും അതുതന്നെ പറഞ്ഞു. ഒരാഴ്ച കഴിഞ്ഞ് ചെല്ലാമെന്ന് പറഞ്ഞ് ഞാൻ പോന്നു.
മൂന്നാം ദിവസം ആലീസ് അപ്രത്യക്ഷയായി! എന്ന് പറഞ്ഞാൽ, അവളെ കാണാനില്ലാതായി. തികച്ചും അസാധാരണമായവിധത്തിൽ. ആദ്യമേ പറയട്ടെ, ഈ ബോർഡിങ്ങ് സ്കൂളിന്റെ ചരിത്രത്തിൽ ഇതേവരെ ഇങ്ങനെ സംഭവമുണ്ടായിട്ടില്ല. പത്ത് മിനിട്ട് നേരത്തേക്ക് ഒരാളെ കാണാതാകുക എന്നത് സാധ്യമല്ല. ചൊവ്വയിൽ, പ്രത്യേകിച്ച് പട്ടണത്തിൽ അപ്രത്യക്ഷമാവുക എന്നത് അസാധ്യമാണ്. പ്രത്യേകിച്ച് ഭൂമിയിൽ നിന്നുള്ള ഒരു കുട്ടി, സ്പേസ് സൂട്ട് ധരിച്ച കുട്ടി. അതിനെ കാണുന്ന ആദ്യത്തെ ചൊവ്വക്കാരൻ തന്നെ തിരിച്ച് സ്കൂളിൽ കൊണ്ടുവന്നാക്കും. പോരാത്തതിന് റോബോട്ടുകളില്ലേ? സെക്യൂരിറ്റി സർവീസില്ലേ? സംശയമില്ല. ചൊവ്വയിൽ അപ്രത്യക്ഷമാകാൻ പറ്റില്ല.
പക്ഷെ, ആലീസ് അപ്രത്യക്ഷയായിരിക്കുന്നു.
രണ്ടു മണിക്കൂറായി അവളെ കാണാനില്ലാണ്ടായിട്ട്. അതിനുശേഷമാണ് അവരെന്നെ വിവരം അറിയിച്ചത്. ഞാൻ ഒരു കോണ്‍ഫറൻസിൽ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു. എന്നെ കൊണ്ടുപോകാനായി ചൊവ്വാവിമാനം വന്നിരുന്നു. ഞാൻ ഭൂനഗരത്തിൽ പ്രവേശിച്ചപ്പോൾ, അതുവരെ ഉച്ചത്തിൽ സംസാരിച്ചു കൊണ്ടിരുന്ന എല്ലാവരും നിശബ്ദരായി – എന്നോട് സഹതപിച്ചുകൊണ്ട്. ഞാനാകെ പരിഭ്രമിച്ച് വിവശനായിരുന്നു. എല്ലാവരും, ബോർഡിങ്ങ് സ്കൂളിലെ എല്ലാ അധ്യാപകരും മറ്റു ജോലിക്കാരും, നക്ഷത്രാന്തര പൈലറ്റുകൾ, പുരാവസ്തു ഗവേഷകർ, ജീവൻ രക്ഷാസേനയുടെ മേധാവി നസര്യാൻ, സ്പേസ് സൂട്ടണിഞ്ഞ പത്തു ചൊവ്വക്കാർ (ഭൂനഗരത്തിൽ അവർക്ക് സ്പേസ് സൂട്ട് അണിയണം, അവിടെ മർദ്ദം വളരെ കൂടുതലാണ്)… എല്ലാവരും അവിടെ ഉണ്ടായിരുന്നു.
കഴിഞ്ഞ ഒരു മണിക്കൂറായി നഗരത്തിലെ ടെലിവിഷൻ കേന്ദ്രം മുമ്മൂന്നു മിനിറ്റു കൂടുമ്പോൾ ഈ വാർത്ത പ്രക്ഷേപിച്ചുകൊണ്ടിരിക്കയായിരുന്നത്രേ: ഭൂമിയിൽ നിന്ന് വന്ന ഒരു കൊച്ചു പെണ്‍കുട്ടിയെ കാണാതായിരിക്കുന്നു. ചൊവ്വയിലുള്ള എല്ലാ വീഡിയോ ഫോണുകളും അലാറം സിഗ്നലുകളയക്കാൻ തുടങ്ങി. എല്ലാ സ്കൂളുകളിലും ക്ലാസുകൾ നിർത്തിവെച്ചു. കുട്ടികളും അധ്യാപകരും എല്ലാം ചുറ്റുവട്ടത്തും നഗരപ്രാന്തങ്ങലിലുമുള്ള തെരച്ചിലിൽ ഏർപെട്ടു.
ആലീസും കൂട്ടുകാരും കൂടി നടക്കാൻ ഇറങ്ങിയതായിരുന്നു. കൂട്ടുകാർ മടങ്ങിയെത്തിയപ്പോൾ മാത്രമാണ് ആലീസിനെ കാണാനില്ലെന്നറിഞ്ഞത്. അത് കഴിഞ്ഞ് രണ്ടു മണിക്കൂറിലധികമായി. അവളുടെ സ്പേസ് സൂട്ടിലെ ഓക്സിജൻ കഷ്ടിച്ച് മൂന്നുമണിക്കൂർ നേരത്തേക്കേ മതിയാകൂ.
സ്കൂളിന്റെ ആളൊഴിഞ്ഞ മൂലകളിൽ നോക്കിയോ എന്നു ചോദിച്ചു. അവളുടെ സ്വഭാവമതാണ്. വല്ല പച്ചത്തുള്ളനെയോ മറ്റോ കണ്ട് അതിനെയും നോക്കി ഇരിക്കുന്നുണ്ടാകും.
പട്ടണത്തിൽ നിലവറകളൊന്നുമില്ല. എല്ലാ മുക്കും മൂലയും തെരഞ്ഞു നോക്കി. എവിടെയും കാണാനില്ല, അവർ പറഞ്ഞു. ചൊവ്വാസർവകലാശാലയിലെ കുട്ടികൾക്ക് അത്തരം സ്ഥലങ്ങളെല്ലാം ഉള്ളംകയ്യിലെ വരകൾ പോലെ തിട്ടമാണ്.
എനിക്ക് ആലീസിനോട് എന്തെന്നില്ലാത്ത ദേഷ്യം തോന്നി. ഇനി ഇപ്പോ അവള് വരുമ്പോ, പച്ചപ്പാവത്തിനെപ്പോലെ, അയ്യോ ഞാനോന്നുമറിഞ്ഞില്ലേ എന്ന ഭാവമായിരിക്കും! ആവശ്യല്യാണ്ടെ ഇവിടെവന്ന് എല്ലാവർക്കും ബുദ്ധിമുട്ടുണ്ടാക്കി. മണൽ കൊടുങ്കാറ്റ് അടിച്ച പ്രതീതിയാണ് പട്ടണത്തിൽ. എല്ലാവരും, ചോവ്വക്കാരും ഭൂമിയിൽ നിന്ന് വന്നവരും എല്ലാവരും, തങ്ങളുടെ പണിനിർത്തി അന്വേഷണത്തിലാണ്. സുരക്ഷാസേനയിലെ എല്ലാവരും അന്വേഷണത്തിനിറങ്ങിയിരിക്കുന്നു. സമയം കഴിയുന്തോറും എന്റെ പരിഭ്രമം കൂടിക്കൂടി വരാൻ തുടങ്ങി. ഇത് കുറച്ച് കടുത്ത സാഹസമായിപ്പോയി. സംഗതി കുഴപ്പമാകുമോ?
അന്വേഷണ സംഘങ്ങളിൽ നിന്ന് വാർത്തകൾ വന്നുകൊണ്ടിരുന്നു. “രണ്ടാം ചൊവ്വാഗ്രാമർ സ്കൂളിലെ വിദ്യാർഥികൾ സ്റ്റേഡിയം മുഴുവൻ പരതി, ആലീസില്ല.” ചൊവ്വാ ചോക്കളറ്റ് ഫാക്ടറി റിപ്പോർട്ട് ചെയ്യുന്നു: അതിന്റെ ചുറ്റുവട്ടത്തൊന്നും ഒരു കുഞ്ഞിനെയും കണ്ടിട്ടില്ല…
“അവൾ മരുപ്രദേശത്ത് ചെന്നുപെട്ടിരിക്കുമോ?” എനിക്ക് ഭയമായി. “നഗരത്തിൽ എവിടെ ആയാലും ഇതിനകം കണ്ടുപിടിക്കുമായിരുന്നു. ചൊവ്വയിലെ മരുപ്രദേശങ്ങളുടെ കഥ അതല്ല! പോയി നോക്കാത്ത ഒട്ടേറെ ഭാഗങ്ങളുണ്ട്. വഴി തെറ്റി അവിടെ ചെന്നുപെട്ടാൽ പത്തു കൊല്ലം കഴിഞ്ഞാലും കണ്ടുപിടിക്കാൻ പറ്റിയെന്നു വരില്ല… പക്ഷെ തൊട്ടടുത്തുള്ള മരുപ്രദേശത്തൊന്നും അവളെ കാണാനില്ലല്ലോ…”
“അതാ, അവളെ കണ്ടെത്തി!” നീലക്കുപ്പായമിട്ട ഒരു ചൊവ്വക്കാരൻ വിളിച്ചലറി. അയാൾ തന്റെ പോക്കറ്റ് ടി വി സെറ്റിലേക്ക് തുറിച്ചുനോക്കിക്കൊണ്ടിരുന്നു.
“എവിടെ? എവിടെ? എങ്ങനെ?”
നാലുപുറത്തുനിന്നും ചോദ്യങ്ങളുതിർന്നു.
“മരുപ്രദേശത്ത് അങ്ങ് 250 കിലോമീറ്റർ ഉള്ളിൽ.”
“ഇരുന്നുറ്റമ്പത് കിലോമീറ്ററോ?”
“പ്രതീക്ഷിച്ചതുതന്നെ” ഞാൻ ചിന്തിച്ചു. “അവർക്ക് എന്റെ ആലീസിനെ അറിയില്ല. ഇങ്ങനെ എന്തെങ്കിലും ഒപ്പിച്ചില്ലെങ്ങിലേ അദ്ഭുതമുള്ളു.”
“അവൾക്ക് യാതൊരസുഖവുമില്ല. വേഗം ഇവിടെ എത്തും.”
“പക്ഷെ, അവൾ എങ്ങനെയാ അവിടെ എത്തിയത്?”
“പോസ്റ്റൽ ജെറ്റ് വിമാനത്തിൽ.”
“എന്റമ്മേ!” താത്യാന പെത്രോവ്ന വിതുമ്പാൻ തുടങ്ങി. മറ്റാരെക്കാളും വിഷമം അവർക്കായിരുന്നു. എല്ലാവരും കൂടി അവളെ സമാധാനിപ്പിച്ചു.
“ഞങ്ങൾ പോസ്റ്റാപ്പീസിന്റെ സൈഡിൽ കൂടെ നടക്കായിരുന്നു. അവർ റോബോട്ട്ജെറ്റ് വിമാനത്തിൽ സാധനങ്ങൾ നിറച്ചുകൊണ്ടിരുന്നു. ദിവസം നൂറു തവണ കാണണതാണല്ലോ. അതോണ്ട് ഞാൻ ശ്രദ്ധിച്ചതേയില്ല.”
പത്തു മിനിറ്റു കഴിഞ്ഞപ്പോഴേക്കും ചൊവ്വക്കാരൻ പൈലറ്റ് ആലീസിനെയും കൊണ്ടെത്തി.
“ഞാൻ കത്തു വല്ലതുമുണ്ടോയെന്ന് നോക്കാൻ അതിൽ കയറിയതാണ്.” ആലീസ് പറഞ്ഞു.
“എന്തു കത്ത്?”
“അച്ഛനല്ലേ പറഞ്ഞത്, അമ്മ കത്തെഴുതുംന്ന്. കത്തുണ്ടോ എന്ന് നോക്കാനായി അകത്തു കടന്നതാ.”
“നീയതിന്റെ അകത്തുകടന്നു?”
“പിന്നല്ലാണ്ടെ, വാതിൽ തുറന്നുകിടക്കയായിരുന്നു. അതിനകത്ത് ഒരുപാടു കത്തുണ്ടായിരുന്നു.”
“എന്നിട്ട്?”
“ഞാനകത്ത് കടക്കേണ്ട താമസം, വാതിലുകളടഞ്ഞ് ജറ്റങ്ങ് ഉയരാൻ തുടങ്ങി. ഏത് ബട്ടണ്‍ അമർത്തിയാലാണാവോ അത് നില്ക്കുക. ഓരോന്നോരോന്നായി അമർത്താൻ തുടങ്ങി. അവസാനത്തെ ബട്ടണ്‍ അമർത്തിയപ്പോൾ ജറ്റ് താഴെയിറങ്ങി. വാതിൽ താനെതുറന്നു. ഞാൻ പുറത്ത് കടന്നപ്പോൾ നാലു പുറോം മണലന്നെ മണല്. താത്യാന പെത്രോവ്നയുമില്ല, കുട്ടികളുമില്ല.”
“എമർജൻസി ലാൻഡിങ്ങിനുള്ള ബട്ടണാണ് അവൾ അമർത്തിയത്.” നീലക്കുപ്പായക്കാരനായ ചൊവ്വാക്കാരൻ അദ്ഭുതത്തോടെ പറഞ്ഞു.
“ആദ്യം ഞാൻ കുറച്ചു കരഞ്ഞു. പിന്നെ തീർച്ച്യാക്കി വീട്ടിലേക്ക് പോകാംന്ന്.”
“ഏത് വഴിയാ വീട്ടിലേക്ക് പോകാ എന്ന് എങ്ങനെയാ നിശ്ചയിച്ചത്.”
“അതിനടുത്ത് ചെറിയൊരു കുന്നുണ്ടായിരുന്നു. അതിന്റെ മുകളിൽ കയറിനോക്കാം എന്നു വിചാരിച്ചു. കുന്നിന്റെ മുകളിൽനിന്ന് ഒന്നും കാണാൻ ഉണ്ടായിരുന്നില്ല. കുന്നിന്റെ പള്ളക്ക് ഒരു വാതിലുണ്ടായിരുന്നു. അത് തുറന്ന് ഞാൻ ആ മുറിക്കകത്ത് കയറിയിരുന്നു.”
“എന്ത് വാതിൽ.” ചൊവ്വാക്കാരൻ അദ്ഭുതപ്പെട്ടു. “ആ പ്രദേശത്ത് വെറും മണലുമാത്രമേ ഉള്ളു.”
“അല്ല, അവിടെ ഒരു വാതിലുണ്ടായിരുന്നു. ഒരു മുറിയിൽ. മുറിക്കകത്ത് ഒരു വലിയ കല്ലുണ്ടായിരുന്നു. ഈജിപ്തിലെ പിരമിഡിനെപ്പോലെ. പക്ഷെ, ചെറുതാണെന്നുമാത്രം. അച്ഛൻ അന്ന് ഒരു പുസ്തകം കാണിച്ചുതന്നില്ലേ, ‘പിരമിഡിന്റെ നാട്ടിൽ’ അതിലെ ചിത്രം പോലെ.”

ചൊവ്വക്കാരനെയും ചീഫ് നസര്യാനെയും സംബന്ധിച്ചിടത്തോളം തികച്ചും പുത്തനായ ഒരു വിവരമാണ് ആലീസിന്റെ വായിൽനിന്ന് വീണത്.
“തുത്യേക്സി!” രണ്ടുപേരും ഒപ്പം വിളിച്ചുകൂകി. “എവിടെയാണ് ഈ കുട്ടിയെ കണ്ടത്? ആ സ്ഥാനം ഒന്ന് പറയണം.”
അവിടെ ഉണ്ടായിരുന്നവരിൽ പകുതിപ്പേർ ആവി പോലെ അപ്രത്യക്ഷമായി.
ആലീസിന് തിന്നാനായി കുറെ കേക്കും പഴങ്ങളും താത്യാന പെത്രോവ്ന തന്നെ കൊണ്ടുവന്നു. എന്നിട്ടവർ ചൊവ്വയുടെ പൂർവചരിത്രം പറഞ്ഞു. പണ്ട്, പണ്ട് ആയിരക്കണക്കിന് കൊല്ലം മുമ്പെ ചൊവ്വയിൽ ഏറെ അറിയപ്പെടാത്ത ഒരു സംസ്കാരം ഉണ്ടായിരുന്നു – ‘തുത്യേക്സി സംസ്കാരം.’ അവശിഷ്ടങ്ങളായി കല്ലുകൊണ്ടുള്ള കൊച്ചു പിരമിഡുകൾ മാത്രമേ ഇതേവരെ കണ്ടിട്ടുള്ളു. മറ്റൊന്നും കണ്ടിട്ടില്ല. അവരുടെ വീടുകൾ എങ്ങനെ ആയിരുന്നു? നഗരങ്ങൾ എങ്ങനെ ആയിരുന്നു? എന്താണ് കൃഷിചെയ്തിരുന്നത്? ഒന്നും അറിയാമായിരുന്നില്ല. ഭൂമിയിൽനിന്നും ചൊവ്വയിൽനിന്നുമുള്ള പുരാവസ്തുഗവേഷകർ ഏറെ അന്വേഷണം നടത്തിയിട്ടുണ്ട്. ഇപ്പോൾ ആലീസ് ആണ് ആകസ്മികമായ ഒരു തുത്യേക്സി കെട്ടിടം കണ്ടെത്തിയത്.
“അങ്ങനെ മോളേ, നിനക്ക് അവിടേം ഭാഗ്യം! പക്ഷെ, ഇത്രമതി. ഇനിവേണ്ട. ഞാൻ നിന്നെ വീട്ടിൽ കൊണ്ടാക്കാൻ പോകയാണ്. അവിടെ എത്രവേണമെങ്ങിൽ തെണ്ടിനടന്നോ. സ്പേസ് സൂട്ടിന്റെ ആവശ്യവുമില്ല!”
“എനിക്കും അതാ ഇഷ്ടം.” ആലീസ് പറഞ്ഞു.
രണ്ടുമാസത്തിനുശേഷം റൗണ്ട് ദ വേൾഡ് എന്ന മാസികയിൽ ഒരു ലേഖനം കാണാനിടയായി. അതിന്റെ ശീർഷകം ഇതായിരുന്നു: തുത്യേക്സികൾ കാണാൻ എങ്ങനെയായിരുന്നു? “ചൊവ്വയിലെ മരുപ്രദേശത്ത്, തുത്യേക്സി സംസ്കാരത്തിന്റെ അമൂല്യമായ ഒരു സ്മാരകം അടുത്തകാലത്ത് കണ്ടുപിടിച്ചിരിക്കുന്നു.” അതിൽ എഴുതിയിരുന്നു. “പിരമിഡിലുള്ള എഴുത്തുകൾ എന്താണെന്ന് ശാസ്ത്രഞ്ജർ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും താല്പര്യജനകമായ കണ്ടുപിടുത്തം മറ്റൊന്നായിരുന്നു. ഒരു തുത്യേക്സിയുടെ ചിത്രം തീരെ കേടുവരാതെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.” ആ ചിത്രത്തിന്റെയും പിരമിഡിന്റെയും ഫോട്ടോഗ്രാഫും മാസികയിൽ ഉണ്ടായിരുന്നു.
ചിത്രം കണ്ടപ്പോൾ, മുമ്പ് പരിചയമുള്ളതുപോലെ ഒരു തോന്നൽ. പെട്ടെന്ന് എനിക്കൊരു സംശയം തോന്നി.
“ആലീസ്, ആലീസ്” മുമ്പൊരിക്കലും ഉപയോഗിച്ചിട്ടില്ലാത്തത്ര കടുത്തസ്വരത്തിൽ ഞാൻ വിളിച്ചു. “സത്യം പറ. നീ അവിടെ മരുപ്രദേശത്ത് ചെന്നുപെട്ടപ്പോൾ ആ പിരമിഡിൻമേൽ എന്തെങ്ങിലും വരച്ചുവോ?”
ഉത്തരം പറയുന്നതിനുമുമ്പ് ആലീസിന്റെ ദൃഷ്ടി മാസികയിലുള്ള ചിത്രത്തിൽ പതിഞ്ഞു.
“അതെ. അത് ശരിയാണ്. അതച്ഛന്റെ ചിത്രമാണ്. പക്ഷെ, ഞാൻ വരക്കുകയല്ല ചെയ്തത്. ഒരു കല്ലുകൊണ്ട് കോറിയതാണ്. ഇരുന്നിരുന്ന് എനിക്ക് ബോറടിച്ചു…”