ബ്രോണ്ടി

ഞങ്ങളുടെ മോസ്കോ മൃഗശാലയിലേക്ക് ഒരു ബ്രോണ്ടോസാറസ് മുട്ട എത്തി. ചിലിയൻ വിനോദസഞ്ചാരികളുടെ ഒരു ഗ്രൂപ്പാണത് കണ്ടത്. യെസിനി നദീതീരത്തെ ഒരു പാറക്കെട്ടിൽ. ഏതാണ്ട് ഒത്ത ഒരു ഗോളം. നിത്യശീതത്താൽ കേടുവരാതെ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. വിദഗ്ദ്ധന്മാർ മുട്ട പരിശോധനക്ക് വിധേയമാക്കി. അദ്ഭുതം! ഒരു കേടും വന്നിട്ടില്ല. ഉള്ളിൽ ജീവനുണ്ട്. വിരിയിക്കാൻ ഒന്നു ശ്രമിച്ചു നോക്കിയാലോ. മൃഗശാലയിലെ ഇൻകുബേറ്ററിൽ അത് കൊണ്ടു വെക്കാൻ തീരുമാനിച്ചു.

അത് വിരിയുമെന്ന് അധികമാരും വിശ്വസിച്ചില്ല. പക്ഷെ ഒരാഴ്ച കഴിഞ്ഞ് എക്സ്-റേ എടുത്തു നോക്കിയപ്പോൾ, അദ്ഭുതം – ബ്രോണ്ടോസോറസിന്റെ ഭ്രൂണം വളരാൻ തുടങ്ങിയിരിക്കുന്നു. ഇന്റർവിഷൻ വഴി ഈ വാർത്ത പുറത്തുവിടേണ്ട താമസം, മോസ്കോവിലേക്കുള്ള പ്രവാഹം തുടങ്ങി. ശാസ്ത്രജ്ഞർ, പത്രറിപ്പോർട്ടർമാർ, വെറും ജിജ്ഞാസുക്കൾ… നിലക്കാത്ത പ്രവാഹം. ഗോർക്കിത്തെരുവിലെ 80 നിലയുള്ള വീനസ് ഹോട്ടലിലെ എല്ലാ മുറികളും നിറഞ്ഞു. തുർക്കിയിൽ നിന്നുള്ള എട്ടു പാലിയന്റോളജിസ്റ്റുകൾ എന്റെ ഡൈനിങ്ങ്റൂമിൽ അന്തിയുറങ്ങി. ഞാനും ഇക്വദോറിൽ നിന്നുള്ള ഒരു പത്ര റിപ്പോർട്ടറും കൂടി അടുക്കളയിൽ ഒതുങ്ങി. അന്റാർട്ടിക്കൻ വനിത എന്ന മാസികയിൽ നിന്നുള്ള രണ്ടു വനിതാറിപ്പോർട്ടർമാർ ആലീസിന്റെ കിടപ്പുമുറിയിൽ സ്ഥാനമുറപ്പിച്ചു.

രാത്രി ഭാര്യ നൂക്കസിൽ നിന്ന് വീഡിയോഫോണിൽ വിളിച്ചു. അവിടെ അവളൊരു സ്റ്റേഡിയം കെട്ടുകയാണ്. വീട്ടിലെ അവസ്ഥ കണ്ടപ്പോൾ നമ്പർ തെറ്റിയോ എന്നുപോലും അവൾക്ക് തോന്നി.

ഭൂമിക്കു ചുറ്റും പോകുന്ന എല്ലാ ടെലിപ്രക്ഷേപണസാറ്റലൈറ്റുകളും മുട്ടയുടെ ഫോട്ടോഗ്രാഫ് അയച്ചുകൊണ്ടിരുന്നു. മുൻകാഴ്ച, പിൻകാഴ്ച, ബ്രോണ്ടോസാറസിന്റെ അസ്ഥികൂടം, മുട്ട… പ്രപഞ്ചഭാഷാശാസ്ത്രജ്ഞരുടെ ഒരു കൂട്ടം തന്നെ മൃഗശാല കാണാനായി അവിടെ എത്തി. പക്ഷെ, അപ്പോഴേക്കും ഇൻകുബേറ്റർമുറിയിലേക്കുള്ള പ്രവേശനം ഞങ്ങൾ നിരോധിച്ചു കഴിഞ്ഞിരുന്നു. ധ്രുവക്കരടികളെയും ചൊവ്വക്കാരനായ പച്ചത്തുള്ളനെയും കണ്ടു തൃപ്തിപ്പെടേണ്ടി വന്നു അവർക്ക്.

നാല്പ്പത്തിയാറാമത്തെ ദിവസം മുട്ടയിൽ എന്തോ ചിലത് സംഭവിക്കാൻ തുടങ്ങി. ആ സമയത്ത് ഞാനും എന്റെ സുഹൃത്ത് പ്രൊഫസർ യാക്കാത്തയും മുട്ട വെച്ച ഇൻകുബേറ്ററിനത്തുള്ള ഗ്ലാസ്മുറിയിൽ ചായ കുടിച്ചുകൊണ്ടിരിക്കയായിരുന്നു. മുട്ട വിരിഞ്ഞ് എന്തെങ്കിലും പുറത്തുവരുമെന്നുള്ള വിശ്വാസം അതിനകം മിക്കവാറും നഷ്ടപ്പെട്ടിരുന്നു. എക്സ്-റേ എടുത്ത് നോക്കാനും ധൈര്യമില്ല. ‘കുഞ്ഞിന്’ എന്തെങ്കിലും തകരാറ് സംഭവിച്ചാലോ? മുൻകാല അനുഭവത്തെ ആശ്രയിക്കാനും നിവൃത്തിയില്ല. കാരണം ഇതിനു മുമ്പെ ആരും ബ്രോണ്ടോസാറസിന്റെ മുട്ട വിരിയിക്കാൻ ശ്രമിച്ചിട്ടില്ല.

അതാ, ആ മുട്ട അനങ്ങുന്നു. പൊട്ടുന്നു. വിള്ളലിലൂടെ അതാ പാമ്പിന്റെ തലപോലെ ഒന്ന് പുറത്തേക്ക് വരുന്നു. എല്ലാ സ്വയം പ്രവർത്തക സിനിമാക്യാമറകളും ഒരുമിച്ച് പ്രവർത്തിക്കാൻ തുടങ്ങിയതിന്റെ ശബ്ദം കേൾക്കായി. ഇൻകുബേറ്ററിന്റെ വാതിലിനു മുമ്പുള്ള ചെമന്ന വെളിച്ചം പ്രകാശിച്ചു. മൃഗശാലയിലാകെ ആകാംക്ഷയുടെയും ആശങ്കയുടെയുമായ ഒരന്തരീക്ഷം പരന്നു.

അഞ്ച് മിനിറ്റിനുള്ളിൽ, ആ സമയത്ത് അവിടെ ഉണ്ടായിരിക്കേണ്ട എല്ലാവരും ഞങ്ങൾക്ക് ചുറ്റും തടിച്ചുകൂടി. ഒരു ജോലിയുമില്ലാതെ വെറുതെ ‘കാണാൻ’ വന്നവരും ഉണ്ടായിരുന്നു. എന്തൊരു തിരക്ക്. വല്ലാത്ത ഉഷ്ണം.

അവസാനം കൊച്ചു ബ്രോണ്ടോസാറസ് മുട്ടക്ക് വെളിയിൽ വന്നു.

“അതിന്റെ പേരെന്താ അച്ഛാ?” പെട്ടെന്ന് പരിചിതമായ ഒരു ശബ്ദം.

“ആലീസ്” അദ്ഭുതത്തോടെ ഞാൻ അലറി. “നീയ്യെങ്ങനെ ഇവിടെ വന്നു?”

“ഞാൻ റിപ്പോർട്ടർമാരുടെ കൂടെ വന്നു.”

“പക്ഷെ കുട്ടികൾക്ക് ഇവിടെ പ്രവേശനമില്ലല്ലോ.”

“പക്ഷെ എനിക്കുണ്ട്. ഞാൻ എല്ലാവരോടും പറഞ്ഞു – ആരാണ് എന്റെ അച്ഛൻ എന്ന്. അവരെന്നെ കടത്തിവിട്ടു.”

“സ്വന്തം താല്പര്യത്തിനു വേണ്ടി മറ്റുള്ളവരുടെ പേര് ഉപയോഗിക്കുന്നത് മര്യാദയല്ല, മനസ്സിലായോ?”

“പക്ഷെ, അച്ഛാ കളിക്കാൻ ഒരു കുട്ടീം ഇല്ലെങ്ങിൽ കൊച്ചു ബ്രോണ്ടിക്ക് മുഷിയില്ലേ? അതോണ്ടാ ഞാൻ വന്നേ.”

എന്തു പറയേണ്ടു എന്നറിയാതെ ഞാൻ കുഴങ്ങി. എത്രയും വേഗത്തിൽ അവളെ അവിടെ നിന്ന് പറഞ്ഞയക്കണം. പക്ഷേ, അവളെ വീട്ടിലേക്ക് കൊണ്ടുപോകാൻ ആരും തയാറല്ല. ആ നിമിഷം നഷ്ടപ്പെടാൻ ആരും ഇഷ്ടപ്പെട്ടില്ല.

“നീ അവിടെത്തന്നെ നിൽക്ക്. അങ്ങട്ടും ഇങ്ങട്ടും എങ്ങും നീങ്ങരുത്.” ഞാൻ അവളോട് പറഞ്ഞു. എന്നിട്ട് പിറന്നുവീണ ബ്രോണ്ടോകുഞ്ഞുള്ള ഗ്ലാസ് ഹൗസിന്റെ അടുത്തേക്കോടി.

അന്ന് മുഴുവൻ ഞാനും ആലീസും തമ്മിൽ മിണ്ടാട്ടമുണ്ടായില്ല. പരസ്പരം കെറുവിച്ചിരുന്നു. ഞാൻ അവളോടു പറഞ്ഞു ഇൻകുബേറ്ററിൽ പോകരുതെന്ന്. പോകാതെ പറ്റില്ലെന്നവൾ. പോയില്ലെങ്ങിൽ ബ്രോണ്ടിക്ക് കരച്ചിൽ വരുമത്രെ! അടുത്ത ദിവസവും അവൾ അകത്ത് കടന്നുകൂടി. സ്പേസ്ഷിപ്പ് ജൂപ്പിറ്റർ 8 ൽ നിന്നുള്ള അസ്ത്രോനാട്ടുകളുടെ കൂടെയാണവൾ വന്നത്. അവർ ഭൂലോകധീരരല്ലെ. അവർക്ക് അനുവാദം നിഷേധിക്കാൻ പറ്റുമായിരുന്നില്ല.

“നമസ്കാരം, ബ്രോണ്ടി” അവൾ ഷെൽട്ടറിന്റെ അടുത്തേക്ക് നീങ്ങി പറഞ്ഞു.

ബ്രോണ്ടോസാറസ് തിരിഞ്ഞ് അവളെ നോക്കി.

“ഇതാരുടെ കുട്ടിയാണ്?” പ്രൊഫസർ യാക്കാത്ത ഗൗരവത്തോടെ ചോദിച്ചു.

അപമാനം കൊണ്ട് എന്റെ തല താണുപോയി. ഭൂമി പിളർന്ന് എന്നെ വിഴുങ്ങണമേ എന്ന് ഞാനാഗ്രഹിച്ചു. പക്ഷെ, ആലീസിന് എന്താ പറയേണ്ടതെന്ന് സംശയമുണ്ടായില്ല.

“എന്താ എന്നെ ഇഷ്ടമായില്ലേ?” അവൾ ചോദിച്ചു.

“എന്തൊരു ചോദ്യം. അതല്ല… കൂട്ടം തെറ്റി ഇവിടെ എത്തിവന്നതാണോ എന്ന് കരുതി…” കുട്ടികളോട് എങ്ങനെ സംസാരിക്കണമെന്ന് പ്രൊഫസർക്ക് അറിയാമായിരുന്നില്ല.

“ശരി, ശരി” ആലീസ് പറഞ്ഞു. “ബ്രോണ്ടീ, ഞാൻ നാളെ വരാം ട്ടോ, നീ ഒറ്റക്കാണ് ന്ന് വെച്ച് സങ്കടപ്പെടേണ്ട.”

ആലീസ് അടുത്ത ദിവസവും വന്നു. അതിനടുത്ത ദിവസവും വന്നു. ഏതാണ്ട് നിത്യസന്ദർശകയായി. എല്ലാവർക്കും അവളെ പരിചയമായി. ആരും തടയാൻ നിന്നില്ല. ഞാൻ അതിൽ ഉത്തരവാദിയല്ലെന്ന് പറഞ്ഞു. ഞങ്ങടെ വീട് മൃഗശാലക്ക് തൊട്ടടുത്താണ്. റോഡ്‌ മുറിച്ച് കടക്കുക കൂടി വേണ്ട. എപ്പോഴും ആരെങ്കിലും ഉണ്ടാകും, അവൾക്ക് കൂടെപ്പോരാൻ.

ബ്രോണ്ടോസാറസ് അതിവേഗം വളർന്നു. ഒരു മാസത്തിനുള്ളിൽ അതിന്റെ നീളം രണ്ടര മീറ്ററായി. പ്രത്യേകം നിർമ്മിച്ച ഒരു പവലിയണിലേക്ക് അതിനെ മാറ്റി. കമ്പിവേലി കെട്ടിയ മതിൽക്കെട്ടിനുള്ളിൽ അത് അലഞ്ഞു നടന്നു. മുളങ്കൂമ്പുകളും വാഴക്കൂമ്പുകളും തിന്നുകൊണ്ട്‌. മുള ഇന്ത്യയിൽ നിന്നും കൊണ്ടുവന്നതാണ്. പ്രത്യേകം ചാർട്ടർ ചെയ്ത വിമാനത്തിൽ. വാഴയാകട്ടെ, സർക്കാർ വഴി ‘അഗ്രോടെക്നോളജി’ തോട്ടത്തിൽ നിന്നും. പവിലിയന്റെ നടുവിൽ ഇളം ചൂടുള്ള ഉപ്പുവെള്ളം നിറച്ച ഒരു കുളവുമുണ്ട്. ബ്രോണ്ടോസാറസിന് സന്തോഷമാവട്ടെ.

പെട്ടെന്ന് ഒരു ദിവസം അത് ഒന്നും തിന്നാതായി. രുചിയില്ലാത്തപോലെ. മൂന്ന് ദിവസത്തേക്ക് അത് മുളങ്കൂമ്പും വാഴത്തലപ്പും തൊട്ടേയില്ല. നിരാഹാരത്തിന്റെ നാലാമത്തെ ദിവസം. ബ്രോണ്ടോസാറസ് കുളത്തിൽ കിടക്കുകയാണ്. കറുത്ത കൊച്ചുതലമാത്രം പുറത്തുകാണാം. അത് ചാവാൻ പോകയാണ്. സംശയമില്ല. അത് പറ്റില്ല. ബ്രോണ്ടി ചത്താൽ പറ്റില്ല. ലോകത്ത് നമുക്കാകെയുള്ള ഒറ്റ ബ്രോണ്ടോസാറസാണത്. ലോകത്തെല്ലായിറ്റത്തുനിന്നുമുള്ള മൃഗവൈദ്യന്മാരെ വരുത്തി. പക്ഷെ, ഒരു ഫലവുമുണ്ടായില്ല. ബ്രോണ്ടി ഒന്നും തൊടുന്നതേയില്ല. പുല്ല്, വിറ്റാമിൻ, മധുരനാരങ്ങ, പാല്… ഒന്നും വേണ്ട അതിന്.

ഈ ദുരന്തത്തെപ്പറ്റി ആലീസ് അറിഞ്ഞിരുന്നില്ല. അവൾ മുത്തശ്ശിയുടെ വീട്ടില്ലായിരുന്നു. നാലാമത്തെ ദിവസം. അവൾ ടെലിവിഷൻ കാണുകയായിരുന്നു. അപ്പോഴാണ്‌ ബ്രോണ്ടോസാറസിന്റെ രോഗത്തെപ്പറ്റി അവൾ മനസ്സിലാക്കുന്നത്. എങ്ങനെയാണവൾ അതൊപ്പിച്ചത്? മുത്തശ്ശിയോട് എന്താണവൾ പറഞ്ഞത്? എനിക്കറിഞ്ഞുകൂട. ഉച്ചക്കുമുമ്പേ അവൾ പവിലിയനിലെത്തി.

“അച്ഛാ” അവൾ കരഞ്ഞു കൊണ്ട് ചോദിച്ചു.

“എന്നെ എന്താ അറിയിക്കാഞ്ഞ്, എന്താ അറിയിക്കാഞ്ഞ്…”

“ആലീസ്, പിന്നെപ്പറയാം, പിന്നെ. ഇപ്പോൾ ഞങ്ങളൊരു ചർച്ചയിലാണ്.” ഞാൻ പറഞ്ഞു. അങ്ങനെ ഞങ്ങൾ ചര്ച്ചിച്ചുകൊണ്ടിരുന്നു. കഴിഞ്ഞ മൂന്നുദിവസമായി ചർച്ച നടക്കുകയാണ്.

ആലീസ് ഒന്നും മിണ്ടാതെ പോയി. “അയ്യോ” എന്റെ അടുത്തിരുന്ന ഒരാൾ നിലവിളിച്ചു. ഞാൻ തിരിഞ്ഞുനോക്കി. “അയ്യോ” ഞാനും വിളിച്ചുപോയി. അതാ ആലീസ് കമ്പിവേലി ചാടി പവിലിയന്റെ അകത്ത് കടന്നിരിക്കുന്നു. അവൾ ബ്രോണ്ടോസാറസിന്റെ അടുത്തേക്ക് ഓടുകയാണ്. കയ്യിൽ ഒരു ബണ്‍ ഉണ്ട്.

“ഇത് തിന്ന് ബ്രോണ്ടി” അവൾ പറഞ്ഞു. “ഇല്ലെങ്ങിൽ നീ ഇവിടെ കിടന്ന് വിശന്നു മരിക്കും. ഇവർക്കാർക്കും ഒരു സങ്കടോം ഇല്ല! നിന്റെ സ്ഥാനത്ത് എനിക്കും മടുക്കുമായിരുന്നു എന്നും മുളങ്കൂമ്പും വാഴയും!”

ഞാൻ ഓടി. പക്ഷെ, ഞാൻ കമ്പിവേലിയുടെ അടുത്തെത്തിയില്ല. അതിനുമുമ്പ് അത് സംഭവിച്ചു. പിന്നീട് ആലീസിനെ പ്രശസ്തയാക്കിയതും ജീവശാസ്തജ്ഞ്ജൻമാരായ ഞങ്ങളെ നാണിപ്പിച്ചതുമായ സംഭവം.

ബ്രോണ്ടോസാറസിന്റെ തല ഉയർന്നു. ആലീസിനെ നോക്കി. സാവധാനത്തിൽ അവളുടെ കയ്യിൽനിന്ന് ബണ്‍ വാങ്ങി തിന്നാൻ തുടങ്ങി. ഞാൻ വേലി ചാടാൻ തുടങ്ങുന്നതുകണ്ടപ്പോൾ, “ശബ്ദമുണ്ടാക്കരുത് അച്ഛാ” ആലീസ് വിരൽ ചൂണ്ടി ആംഗ്യം കാണിച്ചു. “ബ്രോണ്ടിക്ക് അച്ഛനെ പേടിയാണ്.”

ആലീസും ബ്രോണ്ടിയും

“അവൻ ആ കുഞ്ഞിനെ ഉപദ്രവിക്കില്ല.” പ്രൊഫസർ യാക്കാത്ത പറഞ്ഞു. അതെനിക്കും കാണാമായിരുന്നു. പക്ഷെ, അവളുടെ മുത്തശ്ശി ടെലിവിഷനിൽ ഈ കാഴ്ച കാണുകയാണെങ്കിലത്തെ കഥ എന്തായിരിക്കും?

പിന്നീട് ശാസ്ത്രഞ്ജർ ഇതിനെപ്പറ്റി വളരെക്കാലം തർക്കിച്ചുകൊണ്ടിരുന്നു. ഇന്നും ആ തർക്കം തീർന്നിട്ടില്ല. ബ്രോണ്ടിയുടെ ഭക്ഷണത്തിൽ മാറ്റം വരുത്തേണ്ടതായിരുന്നു എന്നാണ് ചിലരുടെ വാദം. മറ്റു ചിലർ പറയുന്നത്, ബ്രോണ്ടോസാറസിന് നമ്മളെക്കാളധികം ആലീസിനെ വിശ്വാസമാണ് എന്നാണ്. ഏതായാലും തൽക്കാലത്തെ പ്രതിസന്ധിയിൽനിന്ന് രക്ഷപെട്ടു.

ഇപ്പോൾ ബ്രോണ്ടി തികച്ചും ഇണങ്ങിക്കഴിഞ്ഞിരിക്കുന്നു. അതിന് മുപ്പതു മീറ്റർ നീളമുണ്ട്! പക്ഷെ, ആലീസിനെ പുറത്തേറ്റി നടക്കുന്നതിൽപരം ഒരു സന്തോഷം അതിനില്ല. അവൾക്ക് അവന്റെ മുകളിൽ കയറാനായി ആരോ ഒരു പ്രത്യേക കോണിയുണ്ടാക്കി. ആലീസ് പവിലിയണിൽ എത്തിയാൽ അവൻ കഴുത്ത് നീട്ടി ത്രികോണാകൃതിയിലുള്ള പല്ലുകൊണ്ട് ആ കോണി കടിച്ചെടുത്ത് കറുത്തു തിളങ്ങുന്ന തന്റെ മേൽ ചാരിവെക്കും. അവൾ കയറി അവന്റെ പുരത്തിരുപ്പുറപ്പിക്കും. പവിലിയണിൽകൂടെ ഒരു സവാരി. ചിലപ്പോൾ കുളത്തിലാകും. ആ കളി അവനും അവൾക്കും വലിയ ഇഷ്ടമാണ്.