വീഡിയോഫോണ്‍ സംഭവം
ആലീസ് ഉറങ്ങുന്നില്ല. വല്ലാത്ത പെണ്ണ്. നേരം മണി പത്തായി. എന്നിട്ടും അവൾ ഉറങ്ങുന്ന മട്ട് കാണുന്നില്ല. ഞാൻ പറയുന്നു: “ആലീസ്, ഉടനെ ഉറങ്ങിക്കോ ഇല്ലെങ്ങിൽ ……..”
“ഇല്ലെങ്ങിൽ? ഇല്ലെങ്ങിലെന്താ അച്ഛാ?”
“ഇല്ലെങ്ങിലോ? ഞാൻ വീഡിയോഫോണിൽ ബാബ-യാഗയെ വിളിക്കും”
“ആരാ അച്ഛാ ഈ ബാബ-യാഗ?”
“ഏങ്, എല്ലാ കുട്ടികൾക്കും ബാബ-യാഗയെ അറിയാലോ! ഗ്ലപ്, ഗ്ലപ് – പറഞ്ഞാകേക്കാത്ത കൊച്ചുകുട്ടികളെ പിടിച്ചു തിന്നുന്ന യക്ഷിയാണ് ബാബ-യാഗ”
“എന്തിനാ അവള് കുട്ടികളെ തിന്നണത്?”
“അതോ… അതോ… അവള് ചീത്തയാ. പിന്നെ അവൾക്ക് എപ്പോഴും ഭയങ്കര വിശപ്പാണ്.”
“അവൾക്കെന്തിനാ വിശക്ക്ണത്?”
“അതോ… അതോ… അവളുടെ കുടിലിലേക്ക് ഭക്ഷണം എത്തിക്കുന്ന കുഴൽ ഘടിപ്പിച്ചിട്ടില്ല.”
“എന്തുകൊണ്ട് ഘടിപ്പിച്ചില്ല?”
“അതോ… അതോ… അവളുടെ കുടിൽ ഇടിഞ്ഞു പൊളിഞ്ഞ ഒരു ചെറ്റപ്പുരയാണ്, കാടിന്റെ വളരെ ഉള്ളിലുമാണ്.”
ആലീസിന് താല്പര്യം കൂടിക്കൂടി വരികയാണ്. ഉറക്കം തീരെ പോയി. അവൾ കിടക്കയിൽ എഴുന്നേറ്റിരുന്നു.
“ബാബ-യാഗക്ക് വനസംരക്ഷണ വകുപ്പിലാണോ ജോലി?”
“ദേ, ആലീസ്, നീ ഉറങ്ങുന്നുണ്ടോ? വേഗം ഉറങ്ങിക്കോ, ഇല്ലെങ്ങിൽ…”
“പക്ഷെ, അച്ഛാ, അച്ഛൻ പറഞ്ഞില്ലേ ബാബ-യാഗയെ വിളിക്കാംന്ന്. ഒന്ന് വിളിക്കൂ അച്ഛാ ബാബ-യാഗയെ ഒന്നു വിളിക്കൂ.”
“ദേ ഞാൻ’ പ്പ വിളിക്കും. പിന്നെ നീ പേടിച്ചു കരയും!”
ഞാൻ വീഡിയോഫോണിന്റെ അടുത്തേക്ക് നീങ്ങി. ദേഷ്യത്തോടെ കണ്ണിക്കണ്ട ചില ബട്ടണുകൾ അമർത്തി. ഒരു കണക്ഷനും കിട്ടില്ല, എന്ന് എനിക്ക് ഉറപ്പായിരുന്നു. ബാബ-യാഗ വീട്ടിലില്ല എന്ന് പറയാം!
പക്ഷെ, എനിക്ക് തെറ്റുപറ്റി. വീഡിയോഫോണ്‍ സ്ക്രീൻ തെളിഞ്ഞു. ഒരു ക്ലിക് ശബ്ദം കേൾക്കായി. ലൈനിന്റെ മറ്റേ അറ്റത്ത് ആരോ സ്വീകരിക്കാനുള്ള ബട്ടണ്‍ അമർത്തിയിരുന്നു. ആളുടെ രൂപം സ്ക്രീനിൽ തെളിയുന്നതിന് മുമ്പുതന്നെ ആരോ ഉറക്കം തൂങ്ങിക്കൊണ്ട് പറഞ്ഞു. “ഇത് ചൊവ്വാ എംബസിയാണ്.”
“അവള് വര്വോ അച്ഛാ?” ആലീസ് കിടപ്പുമുറിയിൽ നിന്ന് വിളിച്ചു ചോദിച്ചു.
“അവൾ നല്ല ഉറക്കമാണ്” ദേഷ്യത്തോടെ ഞാൻ പറഞ്ഞു.
“ഇത് ചൊവ്വാ എംബസിയാണ്” ശബ്ദം ആവർത്തിച്ചു. ഞാൻ വീണ്ടും വീഡിയോഫോണിലേക്ക് തിരിഞ്ഞു. ചെറുപ്പക്കാരനായ ഒരു ചോവ്വക്കാരൻ എന്റെ മുഖത്തേക്ക് നോക്കുന്നു. അയാൾക്ക് പച്ചക്കണ്ണുകളാണുള്ളത്. പുരികമില്ല.
“ക്ഷമിക്കണം” ഞാൻ പറഞ്ഞു. “ഞാൻ ബട്ടണ്‍ അമർത്തിയത് തെറ്റിപ്പോയി.”
ചോവ്വാക്കാരൻ പുഞ്ചിരിച്ചു. അയാൾ എന്നെയല്ല നോക്കുന്നത്. എന്ത്? ആലീസോ. അവൾ കിടക്കേന്ന് എണീറ്റ് വന്നിരിക്കുന്നു. ചെരിപ്പിടാതെ.
“നമസ്കാരം” അവൾ ചൊവ്വാക്കാരനെ അഭിവാദനം ചെയ്തു.
“നമസ്കാരം, കൊച്ചുമോളേ”
“ബാബ-യാഗ നിങ്ങളുടെ വീട്ടിലാണോ താമസം?”
“സംഗതി ഇതാണ്” ഞാൻ പറഞ്ഞു. “ആലീസിനോട് എത്ര ഉറങ്ങാൻ പറഞ്ഞിട്ടും അവൾ ഉറങ്ങുന്നില്ല. അവളെ ശിക്ഷിക്കാൻ ഞാൻ ബാബ-യാഗയെ വീഡിയോഫോണിൽ വിളിക്കയായിരുന്നു. പക്ഷെ നമ്പര് തെറ്റിപ്പോയി.”
ചൊവ്വാക്കാരൻ വീണ്ടും ചിരിച്ചു.
“കുഞ്ഞേ, ആലീസ് നീ വേഗം ഉറങ്ങിക്കോ. അതാ നല്ലത്. ഇല്ലെങ്ങിൽ നിന്റെ അച്ഛൻ ബാബ-യാഗയെ വിളിക്കും.”
ചൊവ്വാക്കാരൻ ടാറ്റ പറഞ്ഞ് വീഡിയോ കെടുത്തി.
“എന്താ മതിയായില്ലേ, ഇനി ഉറങ്ങാ നല്ലത്, ചൊവ്വയിൽ നിന്നുള്ള അയാൾ പറഞ്ഞത് കേട്ടില്ലേ?”
“ഞാൻ ഉറങ്ങാൻ പുവ്വാണ്. പിന്നെ അഛാ എന്നേം ചൊവ്വയിലേക്ക് കൊണ്ടുപുവ്വോ?”
“പറേണപോലെ ഒക്കെ കേക്കാച്ചാൽ, അടുത്ത വേനക്കാലത്ത് കൊണ്ടുപുവ്വാം!”
അവസാനം ആലീസ് ഉറങ്ങി. കുറെ പണി ചെയ്തുതീർക്കാനുണ്ടായിരുന്നു. രാത്രി ഒരു മണി വരെ ഇരുന്നു. ഒരു മണി ആയപ്പോൾ വീഡിയോഫോണ്‍ പെട്ടെന്ന് ശബ്ദിക്കാൻ തുടങ്ങി. ഞാൻ ബട്ടണ്‍ അമർത്തി. എംബസിയിൽ നിന്നുള്ള ആ ചൊവ്വക്കാരനായിരുന്നു അത്.
“ഈ വൈകിയ നേരത്ത് ഉപദ്രവിക്കുന്നതിൽ ക്ഷമിക്കണം.” അയാൾ പറഞ്ഞു. “നിങ്ങളുടെ വീഡിയോഫോണ്‍ ഓഫാക്കിയിട്ടില്ല. അപ്പോൾ നിങ്ങൾ ഉറങ്ങിയിരിക്കില്ലെന്ന് ഞാൻ കരുതി.”
“ഓ, സാരല്യ”
“ഒരു സഹായം വേണല്ലോ,” ചൊവ്വക്കാരൻ പറഞ്ഞു. “ഇവിടെ എംബസിയിൽ ഞങ്ങൾക്ക്, ആർക്കും ഉറങ്ങാൻ പറ്റുന്നില്ല. ഞങ്ങൾ എല്ലാ സർവവിജ്ഞാനകോശങ്ങളും പരതിനോക്കി. വീഡിയോഫോണ്‍ ഡയറക്ടറി നോക്കി. എന്നിട്ടും ഈ ബാബ-യാഗ ആരാണെന്നോ അവൾ എവിടെയാണ് താമസിക്കുന്നതെന്നോ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല…”
(റഷ്യൻ നാടോടിക്കഥകളിലെ ഒരു യക്ഷിയാണ് ബാബ-യാഗ.)