— layout: opape title: "മുഖവുരക്കു പകരം" — <h1 class="title">{{ page.title }}</h1>

ആലീസ് നാളെ മുതൽ സ്കൂളിൽ പോകയാണ്. ഇന്ന് വെളുപ്പിനെ മുതൽ അവളുടെ കൂട്ടുകാരും പരിചയക്കാരും വീഡിയൊ ഫോണിൽ അവളെ വിളിച്ച് 'നല്ല തുടക്കം' ആശീർവദിക്കുകയാണ്. എന്തിന് കഴിഞ്ഞ മൂന്നു മാസമായി ആലീസിനും ഒറ്റ വർത്തമാനമേ ഉണ്ടായിരുന്നുള്ളു: സ്കൂളിൽ പോകുന്ന കാര്യം.

ചൊവ്വയിൽ നിന്നുള്ള സ്നേഹിതൻ ബ്രൂസ് അവൾക്ക് വല്ലാത്തൊരു പെൻസിൽപെട്ടി സമ്മാനമായി അയച്ചിട്ടുണ്ട്. അത് തുറക്കാൻ ഇതേവരെ ആർക്കും പറ്റിയിട്ടില്ല. എനിക്കും പറ്റിയിട്ടില്ല, എന്റെ കൂട്ടുകാർക്കും പറ്റിയിട്ടില്ല. അതിൽ രണ്ടു പേർ ശാസ്ത്രത്തിൽ ഡോക്ടറേറ്റ് ബിരുദമ്മുള്ളവരാണ്. ഒരാൾ മൃഗശാലയിലെ ചീഫ് എഞ്ചിനീയറുമാണ്!

ഷൂഷ പറയുന്നു, താനും ആലീസിന്റെ കൂടെ സ്കൂളിൽ പോകുമെന്ന്. ടീച്ചർക്ക് ആലീസിനെ പഠിപ്പിക്കാൻ വേണ്ട യോഗ്യതയുണ്ടോ എന്ന് നോക്കാനാണത്രെ.

ഒരാവശ്യവുമില്ലാത്ത ബഹളം. ഞാനും കുട്ടിക്കാലത്ത് സ്കൂളിൽ പോയിട്ടുണ്ട്. അന്നാരും ഇത്ര ഒച്ചപ്പാടൊന്നും ഉണ്ടാക്കിയിട്ടില്ല.

ആലീസ് ബ്രോണ്ടിയോട് യാത്ര പറയാൻ പോയിരിക്കയാണ്‌. ബഹളം തല്ക്കാലത്തേക്കൊന്ന് ശമിച്ചിരിക്കയാണ്.

ഇപ്പൊ വീട്ടിൽ എല്ലാം ശാന്തമാണ്. ഇതാണ് പറ്റിയ സമയം. ആലീസിനെയും അവളുടെ കൂട്ടുകാരെയും പറ്റി കുറെ കഥകളുണ്ട്. അവ ടേപ്പ് റെക്കോർഡ് ചെയ്തേക്കാം. എന്നിട്ട് ആലീസിന്റെ ടീച്ചർക്ക് കൊടുക്കാം. എങ്ങനത്തെ ഒരു കുട്ടിയെയാണ് കയ്യിൽ കിട്ടിയിരിക്കുന്നതെന്ന് മനസ്സിലാക്കാൻ അവർക്ക് സഹായകമായിരിക്കും. എന്റെ മോളെ കൂടുതൽ നന്നായി പഠിപ്പിക്കാൻ ഇത് ടീച്ചറെ സഹായിച്ചെന്ന് വരാം.

തുടക്കത്തിൽ ആലീസ് മറ്റെല്ലാ കുട്ടികളെയും പോലെ ആയിരുന്നു. മൂന്നു വയസാകുന്നതുവരെ. ഞാൻ ആദ്യം പറയാൻ പോകുന്ന കഥ ഇത് തെളിയിക്കും. പക്ഷെ, ഒരു കൊല്ലം കഴിഞ്ഞപ്പോൾ, അവൾ ബ്രോണ്ടിയെ കണ്ടകാലം മുതൽക്ക് എല്ലാം തലകീഴാകാൻ തുടങ്ങി. ചെയ്യരുതാത്തതെന്തോ അതൊക്കെ ചെയ്യുക എന്നൊരു ദുശ്ശീലം അവളിൽ പൊടുന്നനെ പ്രത്യക്ഷപ്പെട്ടു. തീരെ അപ്രതീക്ഷിതവും അനുചിതവുമായ സ്ഥലങ്ങളിലും സന്ദർഭങ്ങളിലും അവൾ അപ്രത്യക്ഷമാകും, അങ്ങനെതന്നെ പ്രത്യക്ഷമാവുകയും ചെയ്യും. തികച്ചും യാദൃശ്ചികമായി, ഇന്നത്തെ ഏറ്റവും വലിയ ശാസ്ത്രജ്ഞർക്കുപോലും പറ്റാത്ത കണ്ടുപിടുത്തങ്ങൾ അവൾ നടത്തും. തന്റെ സ്നേഹിതരെ 'വളയ്ക്കു'ന്നതിൽ അവൾക്ക് അസാധാരണമായൊരു കഴിവുണ്ട്. പക്ഷെ, അവൾക്ക് ഒട്ടേറെ യഥാർത്ഥ സുഹൃത്തുക്കളുണ്ട്, കെട്ടോ. വിഷമം ഞങ്ങൾക്കാണ് - അവളുടെ അച്ഛനും അമ്മക്കും. നോക്കൂ, ഞങ്ങൾക്ക് എല്ലാ സമയവും വീട്ടിനകത്ത് കുത്തിയിരിക്കാൻ പറ്റ്വോ? എനിക്ക് ജോലി മൃഗശാലയിലാണ്. അവളുടെ അമ്മ ഗൃഹനിർമ്മാണക്കാരിയാണ് - പലപ്പോഴും മറ്റു ഗ്രഹങ്ങളിലായിരിക്കും.

ആലീസിന്റെ ടീച്ചർക്ക് മുന്നറിയിപ്പു കൊടുക്കുന്നത് ആവശ്യമാണ്‌. അവർക്കും സംഗതി എളുപ്പമായിരിക്കില്ല. എന്താ, വിശ്വാസമാകുന്നില്ലേ? എന്നാൽ യഥാർഥത്തിൽ നടന്ന ചില സംഭവങ്ങൾ പറയാം. കഴിഞ്ഞ മൂന്നു കൊല്ലത്തിനുള്ളിൽ ഭൂമിയിലും മറ്റു ഗോളങ്ങളിലുമായി നടന്ന സംഭവങ്ങൾ.

<div id="opape-story-index">

</div>